മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് പുറം കാഴ്ചകൾ കാണാൻ റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് ഒരുക്കി കെഎസ്ആർടിസി. മുകൾ വശത്തും ഇരുവശങ്ങളിലും ഗ്ലാസ് പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മുകളിലെ നിലയിൽ 38 പേർക്ക് ഇരിക്കാൻ കഴിയുന്ന രീതിയിലാണ് ബസിന്റെ സീറ്റ് ക്രമീകരിച്ചിരിക്കുന്നത്. മ്യൂസിക് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. കുടിവെള്ളം, ലഘുപാനീയങ്ങൾ എന്നിവ ബസിൽ ലഭിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സർവീസുകൾ വൈകുന്നേരം 6 മണി വരെയായിരിക്കും ഉണ്ടാകുക. മന്ത്രി കെബി ഗണേഷ്കുമാർ ബസ് ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസിയുടെ ഏറ്റവും നൂതന സംരംഭമായ റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് സർവീസ് സംസ്ഥാനത്തെ ടൂറിസത്തിന് മുതൽക്കൂട്ടാവുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. വിനോദ സഞ്ചാരികൾക്ക് പുറം കാഴ്ചകൾ കണ്ടുള്ള യാത്രകൾ റോയൽ വ്യൂ ബസ് നൽകും. വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന ഇത്തരം ബസുകൾ മൂന്നാറിലെ സഞ്ചാരികൾക്കായുള്ള കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനമാണെന്നും മന്ത്രി പറഞ്ഞു.