Latest Malayalam News - മലയാളം വാർത്തകൾ

വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോയ സംഭവം ; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു

Incident of taking the body of an elderly woman in an autorickshaw; Tribal promoter dismissed

വയനാട് മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു. എടവക പഞ്ചായത്തിലെ കുട്ടിക്കുറി കോളനിയിലെ മഹേഷ് കുമാറിനെയാണ് പിരിച്ചു വിട്ടത്. മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസറുടെതാണ് നടപടി. സസ്‌പെന്‍ഷനില്‍ പ്രതിഷേധവുമായി ST പ്രമോട്ടര്‍മാര്‍ രംഗത്തെത്തി. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്. ആംബുലന്‍സ് എത്തിക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്കും ഉത്തരവാദിത്വം ഉണ്ടായിരുന്നു. നടന്നത് രാഷ്ട്രീയക്കളിയാണെന്നും പ്രമോട്ടര്‍മാര്‍ പറയുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കും വരെ സമരം തുടരാനാണ് പ്രൊമോട്ടർമാരുടെ തീരുമാനം.

ചുണ്ടമ്മ എന്ന വയോധിക മരിച്ചത് മുതല്‍ മഹേഷ് കുമാര്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ് പ്രമോട്ടര്‍മാര്‍ പറയുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആംബുലന്‍ എത്തുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. തിരുനെല്ലിയിലേക്ക് ട്രൈബല്‍ വകുപ്പിന്റെ ആംബുലന്‍സ് പോയതായിരുന്നു. രണ്ട് മണിക്ക് അവര്‍ക്ക് തിരിച്ചെത്താനായില്ല. ഇക്കാര്യം വാര്‍ഡ് മെമ്പറെയും വീട്ടുകാരെയും ഉള്‍പ്പടെ അറിയിച്ചതാണ്. എന്നാല്‍ ഈ വിഷയത്തില്‍ രാഷ്ട്രീയക്കളി നടന്നു എന്നാണ് ആക്ഷേപം. ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കും പഞ്ചായത്ത് ഭരണസമിതിക്കും ആംബുലന്‍സ് വിളിച്ചു നല്‍കാനുള്ള ഉത്തരവാദിത്തമുണ്ടായിരുന്നു. ഇവര്‍ ആരും ഇത് നിറവേറ്റിയില്ല എന്നെല്ലാമാണ് പ്രമോട്ടര്‍മാര്‍ പറയുന്നത്. ട്രൈബല്‍ പ്രമോട്ടറായ മഹേഷ് കുമാറും ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ തലയില്‍ ഇത് കെട്ടിവച്ച് തലയൂരാനാണ് ശ്രമം എന്നാണ് ആരോപണമുയരുന്നത്. പഞ്ചായത്ത് ഭരണ സമിതിക്ക് ഇതുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി ഒആര്‍ കേളുവും ഇന്നലെ വ്യക്തമാക്കിയിരുന്നു. ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ രണ്ട് ആംബുലന്‍സുകളും മറ്റൊരു ഡ്യൂട്ടിയിലായിരുന്നു. അവിടെ എടവക പഞ്ചായത്തിന്റെയും ആരോഗ്യ കേന്ദ്രത്തിന്റെയും ആംബുലന്‍സുകള്‍ ഉണ്ടായിരുന്നു. സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കാമായിരുന്നു. എന്നാല്‍ ഇതിനൊന്നും ഒരു ശ്രമവും ഉണ്ടായില്ലെന്നും, പഞ്ചായത്ത് ഭരണസമിതി എന്തുകൊണ്ടാണ് ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതെന്നും, ഇത്തരം വിഷയങ്ങളെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നത് മോശം നടപടിയാണെന്നും മന്ത്രി വ്യക്തമാക്കി.

Leave A Reply

Your email address will not be published.