കോഴിക്കോട് : മുനമ്പം വിഷയത്തില്‍ കെ എം ഷാജിയെ തള്ളി ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുനമ്പം വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന തള്ളിയ കെ എം ഷാജിയെ പി കെ കുഞ്ഞാലിക്കുട്ടി പരോക്ഷമായി വിമര്‍ശിച്ചു. ആരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടതും – ബിജെപിയും സാമുദായിക സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ ആരും പോയി പാര്‍ട്ടിയാകേണ്ടെന്നും വെറുതെ വിവാദമുണ്ടാക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്പത്ത് സാദിഖലി തങ്ങള്‍ മുസ്ലിം ലീഗിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപിയും സിപിഐഎമ്മും ചേര്‍ന്ന് സാമുദായിക ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. മുനമ്പം ചെറിയ വിഷയമായി ലീഗ് കരുതുന്നില്ല. റോമിലെത്തി പോപ്പിനെ കണ്ടതാണെന്നും ലീഗ് സ്വീകരിക്കുന്ന നിലപാട് ഇതില്‍ നിന്നും വ്യക്തമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും മുസ്ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നുമാണ് കെ എം ഷാജി പറഞ്ഞത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ കഴിയില്ലെന്നും കെ എം ഷാജി വ്യക്തമാക്കി.