നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം എടക്കര സ്വദേശി ടിഎം ആസിഫ് (46) ആണ് പിടിയിലായത്. വിദേശത്തു നിന്ന് വരുന്ന വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് ഞായറാഴ്ചയാണ് പ്രതിയെ പിടകൂടിയത്. ഓൺലൈൻ ബിസിനസ് മണി സ്കീമിലൂടെ പണം ഇരട്ടിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. മൈ ക്ലബ് ട്രേഡേഴ്സ് ട്രേഡ് സർവീസസ്, ഇന്റർനാഷണൽ എൽഎൽപി എന്ന കമ്പനിയുടെ പേരിൽ 2020 ജൂൺ 25ന് ബത്തേരിയിലെ ഒരു ഹോട്ടലിൽ ഒരു യോഗം വിളിച്ചായിരുന്നു തട്ടിപ്പ്. 2022ൽ നൂൽപ്പുഴ സ്വദേശി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസിൽപ്പെട്ടപ്പോൾ ഇയാൾ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിപ്പിച്ചിരുന്നു.
പരാതിക്കാരിൽ നിന്നായി 55000 രൂപ വീതമാണ് തട്ടിയത്. അത്തരത്തിൽ 29 പേരിൽ നിന്നായി 53,20,000 രൂപയാണ് ഇയാൾ ശേഖരിച്ചത്. എന്നാൽ പണം നിക്ഷേപിച്ചവർക്ക് ലാഭമോ അടച്ചു തുകയോ നൽകിയില്ല. മീനങ്ങാടി, ബത്തേരി, മുക്കം, കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ സമാന രീതിയിലുള്ള തട്ടിപ്പ് കേസുകളുണ്ട്. കമ്പനിയുടെ പേരിൽ പ്രമോട്ടർമാരെ നിയമിച്ചുകൊണ്ട് നിരവധി ആളുകളിൽ നിന്ന് പണം തട്ടിയതായി പൊലീസ് പറഞ്ഞു. ഓൺലൈൻ വേൾഡ് ലൈവൽ ബിസിനസ് ചെയ്യാമെന്ന് പറഞ്ഞാണ് നിക്ഷേപങ്ങൾ നേടിയെടുത്തത്. കേസിൽ കമ്പനിയുടെ പാർട്ണർമാരും ഡയറക്ടർമാരും പ്രമോട്ടർമാരുൾപ്പെടെ ഒമ്പത് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.