തെലങ്കാനയിലെ ഡയപ്പർ നിർമാണ ഫാക്ടറിൽ വൻ തീപിടുത്തം. ചൊവ്വാഴ്ച രാത്രിയാണ് രംഗറെഡ്ഡി ജില്ലയിലെ നന്ദിഗാമ പ്രദേശത്തെ ഫാക്ടറിയിൽ തീപിടുത്തമുണ്ടായത്. എന്നാൽ സംഭവത്തിൽ ആർക്കും ആളപായമോ പരിക്കുകളോ ഇല്ലെന്ന് അഗ്നിശമന സേന അറിയിച്ചു. അഞ്ച് അഗ്നിശമന സേനാ യൂണിറ്റുകൾ ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കാംസൺ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് പുലർച്ചെ ഒരു മണിയോടെ തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ ഡയപ്പർ നിർമാണ യൂണിറ്റ് പൂർണമായും കത്തി നശിച്ചു. 25മുതൽ 30 കോടി രൂപയുടെ വരെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് അനുമാനം. വിവിധ സ്ഥലങ്ങളിൽ നിന്ന് അഞ്ച് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. രാവിലെയും തീ പൂർണമായി കെടുത്താനുള്ള നടപടികൾ തുടർന്നുകൊണ്ടിരിക്കുകയാണ്. തീപിടുത്തത്തിന്റെ കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചുവെന്ന് ജില്ലാ ഫയർ ഓഫീസർ മുർളി മനോഹർ റെഡ്ഡി പറഞ്ഞു.