സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയാ ചക്രബർത്തിക്ക് ആശ്വാസം. റിയയ്ക്കും സഹോദരൻ ഷോവിക് ചക്രബർത്തിക്കും പിതാവ് ലഫ്റ്റനൻ്റ് കേണൽ ഇന്ദ്രജിത് ചക്രബർത്തിക്കും എതിരായ ലുക്കൗട്ട് സർക്കുലർ റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി നടപടിക്കെതിരേ മഹാരാഷ്ട്ര സർക്കാർ, സിബിഐ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ എന്നിവ സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. പ്രമുഖ വ്യക്തികൾ ഉൾപ്പെട്ട കേസായത് കൊണ്ടുമാത്രമാണ് സർക്കാരിന്റെ ഹർജിയെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 2020 സെപ്റ്റംബറിലാണ് സുശാന്ത് മരിച്ചത്. പിന്നീട് നാർക്കോട്ടിക് നിയമപ്രകാരം റിയാ ചക്രബർത്തി അറസ്റ്റിലായി. ബോംബെ ഹൈക്കോടതി റിയക്ക് ജാമ്യം നൽകിയിരുന്നു.
മുംബൈ ബാന്ദ്രയിലെ വസതിയിലാണ് സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത വിഷാദ രോഗമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആദ്യം റിപ്പോർട്ടുകൾ വന്നെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിന്നീട് ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു. പാറ്റ്നയിൽ ജനിച്ചു വളർന്ന സുശാന്ത് സിങ് രജ്പുത് ടെലിവിഷൻ സീരിയലുകളിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. സ്റ്റാർ പ്ലസിലെ ‘കിസ് ദേശ് മേ ഹെ മേരാ ദിൽ’ എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. തുടർന്ന് വന്ന ‘പവിത്ര റിഷ്ത’ എന്ന സീരിയൽ സുശാന്തിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി. ‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കിയിരുന്നു.