Latest Malayalam News - മലയാളം വാർത്തകൾ

മകളുടെ ഹർജി തള്ളി ; എംഎം ലോറന്‍സിന്റെ മൃതദേഹം പഠനത്തിന്

Daughter's petition rejected; MM Lawrence's body for study

സിപിഐഎം മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഇതോടെ എംഎം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കും. ജസ്റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനുമായി ഏറ്റെടുക്കാനുമുള്ള കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ തീരുമാനം റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി തള്ളിയതോടെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പഠനാവശ്യത്തിനായി ഉപയോഗിക്കാനാകും.

ആശ ലോറന്‍സിനെ അനുകൂലിച്ചായിരുന്നു മറ്റൊരു മകളായ സുജാത ബോബനും ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചത്. എന്നാല്‍ മൃതദേഹം പഠനാവശ്യത്തിനായി വിട്ടുനല്‍കണമെന്ന് എംഎം ലോറന്‍സ് അറിയിച്ചിരുന്നുവെന്നും ഇത് കേട്ടതിന് മതിയായ സാക്ഷികളുണ്ടെന്നുമാണ് മകന്‍ എംഎല്‍ സജീവന്‍ ഹൈക്കോടതിയെ അറിയിച്ചത്. ഹര്‍ജിയില്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ ലോറന്‍സിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഇത് പ്രകാരം എംഎം ലോറന്‍സിന്റെ മൃതദേഹം നിലവില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എംഎം ലോറന്‍സിന്റെ മരണത്തിന് പിന്നാലെയാണ് മതാചാര പ്രകാരം സംസ്‌കാരം വേണമെന്ന ആവശ്യവുമായി മകള്‍ ആശ രംഗത്തെത്തിയത്. പിന്നാലെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ഉള്‍പ്പടെ നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്.

Leave A Reply

Your email address will not be published.