Latest Malayalam News - മലയാളം വാർത്തകൾ

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് രണ്ട് മാസം

It has been two months since the Mundakai-Churalmala landslide disaster

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി രണ്ട് മാസം. ദുരന്തത്തിൽ കാണാതായ 47 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിരവധി പേരുടെ മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയ ആനടിക്കാപ്പ് സൂചിപ്പാറ മേഖലയില്‍ തെരച്ചില്‍ തുടരാൻ അധികൃതർ തയ്യാറായില്ല. അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാത്ത നിസ്സാഹയതയിലാണ് പ്രദേശത്തെ പരിചയമുള്ള റിപ്പണ്‍ ചാമ്പ്യൻസ് ക്ലബും. ഗംഗാവലി പുഴയില്‍ കാണാതായ അർജുന്‍റെ മൃതദേഹം കണ്ടെത്താൻ 72 ദിവസത്തെ തെരച്ചില്‍ നടന്നു. ഈ ശ്രമങ്ങള്‍ക്ക് വലിയ പ്രശംസ ലഭിക്കുമ്പോഴാണ് വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ ഇപ്പോഴും 47 പേര്‍ കാണാമറയത്ത് തുടരുന്നത്. ഓഗസ്റ്റ് പതിനാലിന് സൂചിപ്പാറ അനടിക്കാപ്പ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ തെരച്ചില്‍ നിര്‍ത്തിയതിന് പിന്നാലെ കാണാതായവരുടെ ബന്ധുക്കള്‍ ചീഫ് സെക്രട്ടറിയോട് പരാതി ഉന്നയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 25 ന് പ്രത്യേക സംഘം ഇവിടെ തെരച്ചില്‍ നടത്തി.

സംശയങ്ങള്‍ ശരിവക്കുന്ന വിധത്തില്‍ അഞ്ച് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി. മറ്റൊരു ദിസവവും തെരച്ചില്‍ നടന്നെങ്കിലും അത് തുടരാൻ അധികൃതർ തയ്യാറായില്ല. കാലാവസ്ഥ മോശമാകുമ്പോള്‍ ദു‌ർഘടമായ ഈ മേഖലയില്‍ തെരച്ചില്‍ നടത്തുന്നത് ബുദ്ധിമുട്ടാണെങ്കിലും കഴിഞ്ഞ ആഴ്ചകളില്‍ ഒട്ടുമിക്ക ദിവസങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരുന്നു. അനുമതിയില്ലാത്തതിനാൽ ഒറ്റക്ക് തെരച്ചില്‍ നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഇവിടെ തെരച്ചിലിന് പോകുന്ന ചാമ്പ്യൻസ് ക്ലബ്. തെരച്ചില്‍ കൂടുതല്‍ നടത്തിയാല്‍ നിരവധി മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്താൻ കഴിയുമെന്ന് തന്നെയാണ് ഇവരുടെ പ്രതീക്ഷ. പ്രത്യേക പരിശീലനം ലഭിച്ച 14 അംഗ സംഘമാണ് സാധാരണ ഇവിടെ തെരച്ചില്‍ നടത്താറുള്ളത്. ഫയർഫോഴ്സ്, ഫോറസ്റ്റ്, സന്നദ്ധപ്രവർത്തകർ ഉള്‍പ്പെടെയാണ് ഈ സംഘം രൂപീകരിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.