ഫാറൂഖ് കോളേജിലെ വിദ്യാർഥികൾ ഓണാഘോഷത്തിനിടെ നടത്തിയ അപകടയാത്രയിൽ വീണ്ടും നടപടി. എട്ടു വിദ്യാർഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.ഒരു വർഷത്തേക്കാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. കസ്റ്റഡിയിൽ എടുത്ത എട്ടു വാഹനങ്ങൾ ഒരു മാസത്തിനകം ജില്ലാ കോടതിയിൽ ഹാജരാക്കാനും നിർദേശം നൽകി. അതേസമയം, വിദ്യാർഥികൾ സാഹസിക യാത്രയ്ക്ക് ഉപയോഗിച്ച വാഹനങ്ങൾ ഗതാഗത നിയമം ലംഘിച്ചതിന്റെ പേരിൽ നേരത്തെ പിഴ ചുമത്തിയിരുന്നു. വാഹനങ്ങൾ ഓടിച്ച വിദ്യാർഥികൾക്ക് ലൈസൻസ് ഉണ്ടോ എന്ന കാര്യവും അധികൃതർ പരിശോധിച്ചിരുന്നു. സെപ്റ്റംബര്‍ 11 ബുധനാഴ്ചയായിരുന്നു സംഭവം. കോളേജ് ക്യാംപസിന് പുറത്ത് പൊതുനിരത്തിലൂടെയാണ് ഫാറൂഖ് കോളേജിലെ വിദ്യാർഥികള്‍ റോഡിലെ മറ്റ് വാഹനങ്ങളെ പോലും അപകടത്തിലാക്കുന്ന തരത്തില്‍ അഭ്യാസം നടത്തിയത്. മറ്റ് വാഹനങ്ങളും കാല്‍നട യാത്രക്കാരും കടന്നുപോകുന്ന വഴിയിലൂടെയാണ് വിദ്യാർഥികള്‍ ആഘോഷത്തിന്റെ പേരിലുള്ള ആഭാസം നടത്തിയിരിക്കുന്നത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് എംവിഡി കേസെടുത്തത്.