Latest Malayalam News - മലയാളം വാർത്തകൾ

ശ്രീലങ്കയിലെ ആദ്യ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍

Sri Lanka's first left-wing government in power

ശ്രീലങ്കയിലെ ആദ്യ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി. പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്തു. കൊളംബോയിലെ പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റില്‍ ലളിതമായായിരുന്നു ചടങ്ങുകള്‍ നടന്നത്. ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. അഴിമതിക്കെതിരെ പോരാടുമെന്നും സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ കരകയറ്റുമെന്നും അനുര പറഞ്ഞു. രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അനുര മാധ്യമങ്ങളോട് പറഞ്ഞു. സുസ്ഥിര സര്‍ക്കാരിനെ കെട്ടിപ്പൊക്കും. മുന്നോട്ടു തന്നെ പോകും. തന്നെ സംബന്ധിച്ചിടത്തോളം ഇതൊരു സ്ഥാനമല്ല. ഉത്തരവാദിത്വമാണെന്നും അനുര മാധ്യമങ്ങളോട് പറഞ്ഞു. നൂറ്റാണ്ടുകളായി ശ്രീലങ്കന്‍ ജനത കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ അനുര എക്‌സില്‍ കുറിച്ചിരുന്നു.

അതിനിടെ അനുരയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഇന്നലെയായിരുന്നു ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്. ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമായ അന്‍പത് ശതമാനം വോട്ട് ലഭിച്ചിരുന്നില്ല. ദിസനായകെ ആദ്യഘട്ടത്തില്‍ 42.3 ശതമാനം വോട്ടും സജിത് പ്രേമദാസ 32.7 ശതമാനം വോട്ടുമാണ് നേടിയത്. സ്വതന്ത്രനായി മത്സരിച്ച റനില്‍ വിക്രമസിംഗെയ്ക്ക് 17.27 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. ഇതോടെ റനില്‍ പുറത്തായി. തുടര്‍ന്ന് ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെണ്ണല്‍ നടന്നു. 2022 ല്‍ ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ വിജയമെന്നത് ശ്രദ്ധേയമാണ്.

Leave A Reply

Your email address will not be published.