Latest Malayalam News - മലയാളം വാർത്തകൾ

കശ്മീർ അതിർത്തിയിൽ പാക് പ്രകോപനം ; ജവാന് വെടിയേറ്റു

Pak provocation on Kashmir border; The jawan was shot

ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം. നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. അഖ്നൂർ മേഖലയിൽ ഇന്ന് പുലർച്ചെ 2.30ഓടെ ഉണ്ടായ വെടിവെപ്പിൽ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു. പ്രകോപനമില്ലാതെയാണ് പാകിസ്ഥാൻ സൈന്യം വെടിയുതിർത്തതെന്നും തുടർന്ന് ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായ സാഹചര്യത്തിൽ അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

2021ൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാർ പുതുക്കിയ ശേഷം അതിർത്തിയിൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള പ്രകോപനങ്ങളിൽ വലിയ കുറവാണ് ഉണ്ടായത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവെയ്പ്പിൽ ഒരേയൊരു ബിഎസ്എഫ് ജവാന് മാത്രമാണ് ജീവൻ നഷ്ടമായത്. അതേസമയം 10 വർഷത്തിനിടെ ആദ്യമായി ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 18നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബർ 25ന് രണ്ടാം ഘട്ടവും ഒക്ടോബർ 1ന് മൂന്നാം ഘട്ടവും നടക്കും. ഒക്ടോബർ 8നാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നുഴഞ്ഞുകയറ്റത്തിനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ജമ്മു കശ്മീർ അതിർത്തിയിൽ സൈന്യം വ്യാപകമായ തെരച്ചിലാണ് നടത്തുന്നത്. ബൂത്തുകളുടെയും സ്ഥാനാർത്ഥികളുടെയും വോട്ടർമാരുടെയും സുരക്ഷ കണക്കിലെടുത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിനായി കേന്ദ്ര സായുധ അർദ്ധസൈനിക വിഭാഗത്തിന്റെ 300 കമ്പനികളെ അധികമായി വിന്യസിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.