ആർഎസ്എസിനെ കടന്ന് ആക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ബഹുസ്വരതയെ മനസിലാക്കാൻ ആർഎസ്എസിന് സാധിച്ചിട്ടില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. നിങ്ങൾ പഞ്ചാബിൽ നിന്നോ ഹരിയാനയിൽ നിന്നും രാജസ്ഥാനിൽ നിന്നും ആകട്ടെ, എല്ലാവർക്കും ചരിത്രവും പാരമ്പര്യവും ഉണ്ടെന്ന് രാഹുൽഗാന്ധി പറഞ്ഞു. വാഷിംഗ്ടൺ സന്ദർശനത്തിനിടയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ചില സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളെക്കാൾ താഴ്ന്നതാണെന്നാണ് ആർഎസ്എസ് പറയുന്നത്. ചില മതങ്ങൾ മറ്റു മതത്തേക്കാൾ താഴ്ന്നതാണെന്ന് ആർഎസ്എസ് പറയുന്നു. ചില ഭാഷകൾ മറ്റു ഭാഷയെക്കാൾ താഴ്ന്നതാണെന്നും അവർ പറയുന്നു. ഇതാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം. ഇത് അവസാനിക്കുന്നത് ലോക്സഭയിലോ പോളിംഗ് ബൂത്തിലോ ആകുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ ജനങ്ങൾക്ക് ബിജെപിയോടുള്ള ഭയം ഇല്ലാതായെന്ന് രാഹുൽഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യ ഒരു ആശയം മാത്രമാണെന്ന് ആണ് ആർഎസ്എസ് വിശ്വസിക്കുന്നത്. എന്നാൽ തങ്ങൾ ഇന്ത്യയെ ആശയങ്ങളുടെ ബഹുസ്വരമായാണ് കാണുന്നത് എന്നുമായിരുന്നു ടെക്സസിലെ ഡാലസിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി പറഞ്ഞത്. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ ഭരണഘടനയെ ആക്രമിക്കുകയാണെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും രാഹുൽ കൂട്ടിച്ചേർത്തു.