അധ്യാപക ദിനത്തില്‍ മദ്യലഹരിയിൽ ക്ലാസിലെത്തിയ അധ്യാപകന്‍ വിദ്യാർത്ഥിനിയുടെ മുടി മുറിച്ചു. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. മദ്യലഹരിയിലെത്തിയ വീര്‍ സിംഗ് എന്ന അധ്യാപകനാണ് അഞ്ചാം ക്ലാസുകാരിയുടെ മുടിമുറിച്ച് മാറ്റിയത്. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെ അധ്യാപകനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. അധ്യാപകന്റെ അരികില്‍ നില്‍ക്കുന്ന കുട്ടി പേടിച്ച് കരയുന്നത് വീഡിയോയില്‍ കാണാം. കത്രിക കൊണ്ട് അധ്യാപകന്‍ മുടിമുറിക്കാന്‍ ശ്രമിക്കുമ്പോള്‍ വിദ്യാർത്ഥിനി പേടിച്ച് കരയുകയാണ്. ശരിയായി പഠിക്കാത്തതിൻ്റെ പേരിൽ ശിക്ഷയായിട്ടാണ് അഞ്ചാം ക്ലാസ്കാരിയുടെ മുടിമുറിച്ച് മാറ്റിയത്. പെൺകുട്ടി കരഞ്ഞുവെങ്കിലും അധ്യാപകൻ കുട്ടിയെ ശ്രദ്ധിച്ചില്ല. സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയ പ്രദേശവാസിയുമായി അധ്യാപകന്‍ വഴക്കിടുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്ക് വീഡിയോ പകർത്താൻ കഴിയും. എന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്നായിരുന്നു അധ്യാപകൻ്റെ പ്രതികരണം. വീഡിയോ വൈറലായതിന് പിന്നാലെ അധ്യാപകനെ സർവീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വിദ്യാർത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്.
