ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്നു വന്ന ലൈംഗികാതിക്രമ പരാതിയിൽ ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ജയസൂര്യക്കെതിരെ തിരുവനന്തപുരം കണ്‍ന്റോണ്‍മെന്റ് പോലീസും, ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസും മണിയന്‍പിള്ള രാജുവിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസും, മുകേഷിനെതിരെ മരട് പോലീസുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
താരസംഘടനയായ അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമ പരാതിയില്‍ ഐപിസി 376 വകുപ്പ് പ്രകാരമാണ് ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തത്. ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 354A, 509 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ ഷൂട്ടിങ്ങ് സെറ്റിലെ ശുചിമുറിയില്‍ വച്ച് തന്നോട് ജയസൂര്യ ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു കൊച്ചിയിലെ നടിയുടെ പരാതി.
നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗിക അതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിൽ ഐപിസി 354 പ്രകാരമാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 356, 376 വകുപ്പുകള്‍ പ്രകാരമാണ് മണിയൻപിള്ള രാജുവിനെതിരെ കേസെടുത്തിരിക്കുന്നത്. ഡാ തടിയാ എന്ന സിനിമയുടെ സെറ്റില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് മണിയൻപിള്ള രാജുവിനെതിരെ നടി പരാതി നൽകിയിരിക്കുന്നത്. നടന്മാർക്കൊപ്പം തന്നെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിച്ചു എന്നിവര്‍ക്കെതിരെയും പോലീസ് ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്തിട്ടുണ്ട്.