പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യൻ രാജ്യങ്ങളിലെ സന്ദർശനത്തിനെ അഭിനന്ദിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. പ്രധാന മന്ത്രിയുടെ പോളണ്ട്, ഉക്രെയ്ൻ സന്ദർശനങ്ങളെയും സമാധാനം പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹത്തിൻ്റെ സന്ദേശത്തെയും പ്രശംസിക്കുന്നുവെന്നാണ് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞത്. 45 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിച്ചത്. ഇന്ത്യ-പോളണ്ട് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ആൻഡ്രെജ് ദുഡ, പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പോളണ്ട് സന്ദർശനത്തിന് പിന്നാലെയാണ് മോദി യുക്രൈൻ സന്ദർശിച്ചത്. മുപ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ മണ്ണിലെത്തിയത്. റഷ്യൻ യുക്രൈൻ യുദ്ധത്തിന് പുറമെ രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളും ചർച്ചയ്ക്ക് എടുത്തിരുന്നു. കഴിഞ്ഞ മാസം റഷ്യയിലെത്തി പുടിനുമായി മോദി ചർച്ച നടത്തിയിരുന്നു. ഇതിനെതിരെ വിമർശനവുമായി സെലെൻസ്കി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ ഇറ്റലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ മോദി സെലെൻസ്കിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു.
