സ്ത്രീകളായ ജൂനിയർ ആർട്ടിസ്റ്റുകൾ മലയാള സിനിമയിൽ നേരിടുന്നത് കടുത്ത വിവേചനമെന്ന് ഹേമ കമ്മിറ്റ് റിപ്പോർട്ട്. സ്ത്രീകളായ ജൂനിയർ ആർട്ടിസ്റ്റുകളെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും, വഴങ്ങിയാൽ മാത്രമേ അവസരം നൽകുകയുള്ളുവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ലൈംഗികചൂഷണത്തിന് പുറമെ മാന്യമായ പ്രതിഫലം പോലും ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ലഭിക്കുന്നില്ല. പലപ്പോഴും പറഞ്ഞ തുക ലഭിക്കാറില്ലെന്ന് മാത്രമല്ല, ഇടനിലക്കാർ തുക കൈക്കലാക്കുകയും ചെയ്യും. ആവശ്യത്തിൽ കൂടുതൽ ജൂനിയർ ആർട്ടിസ്റ്റുകളെ വിളിച്ചുവരുത്തി പലപ്പോഴും അവർക്ക് അവസരം നൽകാതെ മാറ്റിനിർത്തുമെന്നും പറയുന്നു. എന്നാൽ അവർക്ക് തിരികെ പോകാനും അനുവാദമുണ്ടാകില്ലെന്ന് റിപ്പോർട്ട് പറയുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പരാതി പറയാൻ യാതൊരു സംവിധാനവും ഇല്ലെന്ന് മാത്രമല്ല, അങ്ങനെ പറഞ്ഞാൽ അവസരങ്ങൾ ലഭിക്കില്ലെന്ന് പേടിപ്പിക്കുകയും ചെയ്യുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.