Latest Malayalam News - മലയാളം വാർത്തകൾ

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാർ തീരുമാനം ഇന്ന്

Government decision on release of Hema Committee report today

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാർ തീരുമാനം ഇന്ന്. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി രാവിലെ പരിഗണിക്കും. ഇതിനു ശേഷമാകും ഈ വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കുക. ഹർജി തള്ളിയാൽ ഇന്നുതന്നെ റിപ്പോർട്ട് പുറത്തുവിടുമോ എന്നുള്ളതാണ് കാത്തിരിക്കുന്നത്. കൂടുതൽ ഹർജികളുമായി മൊഴി നൽകിയവരിൽ ചിലർ കൂടി ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അങ്ങനെയെങ്കിൽ സർക്കാർ തീരുമാനം എന്താകും എന്നുള്ളതും ആകാംക്ഷയാണ്. മൊഴി നൽകിയവർക്ക് ആദ്യം റിപ്പോർട്ടിൻ്റെ പകർപ്പ് നൽകണം എന്നുള്ളതാണ് നടി രഞ്ജിയുടെ ആവശ്യം. ഇക്കാര്യം കോടതി അംഗീകരിക്കുകയാണെങ്കിൽ റിപ്പോർട്ട് വെളിച്ചം കാണുന്നത് വീണ്ടും വൈകും.

റിപ്പോർട്ട് പുറത്തുവിടും മുൻപ് തനിക്ക് റിപ്പോർട്ട് കാണണമെന്നാണ് ഹർജിയിൽ രഞ്ജിനിയുടെ ആവശ്യം. പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പുവരുത്തണം. മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോധ്യപ്പെടുത്തണം. മൊഴി നൽകിയവരുടെ സമ്മതമില്ലാതെ പുറത്തുവിടരുതെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. 2019 ഡിസംബർ 31നാണ് റിപ്പോർട്ട് ഹേമാ കമ്മിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിക്കുന്നത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഹേമാ കമ്മിറ്റിയെ നിയോഗിച്ചത്. സിനിമാ മേഖലയിൽ നേരിടുന്ന ചൂഷണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടായിരുന്നു ഇത്.

Leave A Reply

Your email address will not be published.