Latest Malayalam News - മലയാളം വാർത്തകൾ

ഓപ്പറേഷൻ സൺറൈസ് വാലി ; ഹെലികോപ്റ്ററിൽ ദൗത്യസംഘം സൂചിപ്പാറയിലേക്ക് പുറപ്പെട്ടു

Operation Sunrise Valley; The mission team left for Suchipara in a helicopter

മുണ്ടക്കൈയില്‍ ഉരുളെടുത്തവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരുന്നു. കാലാവസ്ഥ അനുകൂലമായതോടെ തിരച്ചിലിനായി എയർ ഫോഴ്സ് ഹെലികോപ്റ്റർ കൽപ്പറ്റയില്‍ നിന്ന് സൂചിപ്പാറയിലേക്ക് പുറപ്പെട്ടു. ഓപ്പറേഷൻ ഏകോപ്പിക്കുന്നത് ആലപ്പുഴ സ്വദേശിയായ ആർമി ലഫ്റ്റനന്റ് കേണൽ ഋഷിയാണ്. സൺറൈസ് വാലി കേന്ദ്രീകരിച്ചാവും പരിശോധന നടത്തുക. വനമേഖല കേന്ദ്രീകരിച്ച് തിരച്ചിൽ ഊര്‍ജിതമാക്കും. മൃതദേഹങ്ങൾ ഉണ്ടെങ്കിൽ എയര്‍ലിഫ്റ്റ് ചെയ്യും. 12 അംഗ സംഘമാണ് തിരച്ചിലിനിറങ്ങുന്നത്. രണ്ടു സംഘങ്ങളാണ് ഹെലികോപ്റ്ററിൽ തിരച്ചിലിനായി തിരിച്ചത്. ആറുപേർ ഉൾപ്പെടുന്ന രണ്ടാമത്തെ സംഘത്തിൽ നാലുപേർ എസ്ഒജി കമാൻഡോസാണ് ഉള്ളത്. സൂചിപ്പാറ മുതൽ പോത്തുകല്ല് വരെയുള്ള ഭാഗത്ത് ഇന്ന് തിരച്ചിൽ നടത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിലയിടങ്ങളിൽ ഹെലികോപ്റ്റർ ഇറക്കാൻ സ്ഥലമില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ ജിതിൻ വിശ്വനാഥ് പറഞ്ഞിരുന്നു. സൺറൈസ് വാലിയിൽ രൂപപ്പെട്ട തുരുത്തിലാണ് ഹെലികോപ്റ്റർ ഇറങ്ങുക. മുന്‍പ് സൺറൈസ് വാലിയിൽ വന്യമൃഗങ്ങളുടെ ശല്യം ഉണ്ടായിരുന്നു. ഉരുൾപൊട്ടലിന് പിന്നാലെ മൃഗങ്ങൾ മീൻമുട്ടിയിലേക്ക് രക്ഷപ്പെട്ടു. കരടിയും പുലിയും കടുവയുമൊക്കെ ഉണ്ടായിരുന്നയിടത്ത് ഉരുൾ പൊട്ടലിനു ശേഷം ജീവികളുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ജിതിൻ വിശ്വനാഥ് പറഞ്ഞു.

Leave A Reply

Your email address will not be published.