Latest Malayalam News - മലയാളം വാർത്തകൾ

പട്ടാമ്പി പാലം വെള്ളത്തിനടിയിൽ തന്നെ ; പാലക്കാട് 39 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Pattambi Bridge is under water; Palakkad opened 39 relief camps

മഴക്ക് അൽപ്പം ശമനമുണ്ടായെങ്കിലും പട്ടാമ്പി പാലത്തിൽ നിന്നും ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. എന്നാൽ പട്ടാമ്പി ടൗണിലേക്ക് കയറിയ വെള്ളം ഇതിനോടകം ഇറങ്ങി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകളിൽ ഒന്നാണ് പാലക്കാട്. 39 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ തുറന്നതെന്ന് കളക്ടർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് മണ്ണിൽ വെള്ളത്തിൻറെ സാച്ചുറേഷൻ കൂടുതലായതിനാൽ മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം ആലത്തൂർ, നെല്ലിയാമ്പതി മേഖലകളിൽ ചെറിയ തോതിൽ പലയിടത്തും ഉരുൾ പൊട്ടിയിരുന്നുവെന്ന് കളക്ടർ അറിയിച്ചു. നെല്ലിയാമ്പതി ചെറുനെല്ലി ആദിവാസി സങ്കേതത്തിലെ ദുരിതബാധിതരെ എല്ലാവരെയും ട്രൈബൽ ഡെവലപ്മെൻറ് ഓഫീസറുടെയും ചിറ്റൂർ അഡീഷണൽ തഹസിൽദാരുടെയും നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. നെല്ലിയാമ്പതിയിലും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ പോളച്ചിറ സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെ മെഡിക്കൽ ഓഫീസർമാരുടെ സാന്നിധ്യം ഉറപ്പാക്കുമെന്നും കളക്ടർ അറിയിച്ചു.എല്ലാ ക്യാമ്പുകളിലും ജനപ്രതിനിധികളുടെയും പഞ്ചായത്ത്, വില്ലേജ് തല ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ അവശ്യ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു.

Leave A Reply

Your email address will not be published.