ബിജെപി എംപി കങ്കണ റണൗട്ടിന്റെ വിജയം ചോദ്യംചെയ്ത് ഹിമാചൽ പ്രദേശ് ഹൈക്കോടതിയിൽ ഹർജി. മണ്ഡി മണ്ഡലത്തിൽ നിന്നാണ് കങ്കണ റണൗട്ട് വിജയിച്ചത്. കിന്നൗർ സ്വദേശിയാണ് കങ്കണയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്റെ നാമനിർദേശ പത്രിക അന്യായമായാണ് തള്ളിയതെന്ന് ഹർജിക്കാരൻ പറയുന്നു. ഹർജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു. ഓഗസ്റ്റ് 21-നകം മറുപടി നൽകണമെന്ന് ജസ്റ്റിസ് ജ്യോത്‌സ്‌ന റേവൽ എംഎസ് നിർദേശം നൽകി. മണ്ഡി ലോക്‌സഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിംഗിനെ 74,755 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കങ്കണ വിജയിച്ചത്. വിക്രമാദിത്യ സിംഗിൻ്റെ 4,62,267 വോട്ടിനെതിരെ കങ്കണ 5,37,002 വോട്ടുകൾ നേടി. വനം വകുപ്പിലെ മുൻ ജീവനക്കാരനായ ലായക് റാം നേഗിയാണ് കങ്കണയുടെ വിജയത്തിനെതിരെ ഹർജി നൽകിയത്. തൻ്റെ പത്രികകൾ സ്വീകരിച്ചിരുന്നെങ്കിൽ തിരഞ്ഞെടുപ്പിൽ വിജയിക്കാമായിരുന്നുവെന്നും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു.
