ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിൻ പാളം തെറ്റി അപകടം. രണ്ടുപേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചണ്ഡീഗഡ് ദിബ്രുഗഢ് എക്സ്പ്രസ് ആണ് പാളം തെറ്റിയത്. ട്രെയിനിന്റെ 12 കോച്ചുകൾ പാളം തെറ്റി. മങ്കപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ 25ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തിന് പിന്നാലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രക്ഷാസംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. അപകടസ്ഥലത്ത് ഉടൻ എത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ ഉദ്യോഗസ്ഥരോട് ഉത്തരവിടുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അധികാരികൾക്ക് നിർദേശം നൽകുകയും ചെയ്തു. പരുക്കേറ്റവർക്ക് കൃത്യസമയത്ത് ചികിത്സ നൽകാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.