ബിഹാറിൽ ഇടിമിന്നലേറ്റ് 25 പേർ മരിച്ചു. 39 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മധുബനി, ഔറംഗബാദ്, സുപൗൾ, നളന്ദ, ലഖിസരൈ, പട്ന, ജമുയി, ഗോപാൽഗഞ്ച്, റോഹ്താസ് എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ധനസഹായം പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് മഴയും ഇടിമിന്നലും തുടരുന്ന സാഹചര്യത്തിൽ ആളുകൾ വീടുകളിൽ സുരക്ഷിതരായി തുടരണമെന്നും, ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതർ നിർദ്ദേശം നല്കിയിട്ടുണ്ട്. ഈ മാസം മാത്രം 50 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. ബിഹാറിൽ അടുത്ത രണ്ട് ദിവസവും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഷൻഗഞ്ച്, അരാരിയ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.