2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള സ്ക്രീനിംഗ് ഇന്ന് ആരംഭിക്കും. 160 സിനിമകളാണ് അവാർഡിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവായ ഹിന്ദി സംവിധായകന്‍ സുധീര്‍ മിശ്രയാണ് ജൂറി ചെയര്‍മാന്‍. ദേശീയ, സംസ്ഥാന പുരസ്‌കാരജേതാവായ സംവിധായകന്‍ പ്രിയനന്ദനന്‍, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവും സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പന്‍ എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമാണ്. സുധീര്‍ മിശ്ര, പ്രിയനന്ദനന്‍, അഴകപ്പന്‍ എന്നിവര്‍ക്കു പുറമെ അന്തിമ വിധിനിര്‍ണയ സമിതിയില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍, നടിയും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ആന്‍ അഗസ്റ്റിന്‍, സംഗീത സംവിധായകന്‍ ശ്രീവല്‍സന്‍ ജെ. മേനോന്‍ എന്നിവരും അംഗങ്ങളായിരിക്കും.