സംസ്ഥാനത്ത് പകർച്ചപ്പനി പടരുകയാണ്. ഇന്നലെ മാത്രം 12,204 പേരാണ് പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കൂടാതെ 11 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. മരണപ്പെട്ട ആളുകളിൽ നാല് പേർ എലിപ്പനി ബാധിച്ചാണ് മരിച്ചത്. അതേസമയം കോളറ പേടിയില്‍ തലസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. വെള്ളിയാഴ്ച്ച മാത്രം നാല് പേർക്ക് കോളറ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് തലസ്ഥാനം. നെയ്യാറ്റിൻകരയിലെ ശ്രീകാരുണ്യ ഹോസ്റ്റലിലെ അന്തേവാസികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോളറ ബാധിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. ഇതിൽ 11 പേരും നെയ്യാറ്റിൻകരയിലെ ഹോസ്റ്റലിലെ അന്തേവാസികളാണ്. തലസ്ഥാനത്ത് പടർന്നു പിടിക്കുന്ന കോളറയുടെ ഉറവിടം കണ്ടെത്താനാകാത്തത് ആരോഗ്യ പ്രവർത്തകർക്കിടയിൽ കൂടുതല്‍ ആശങ്കയുണ്ടാക്കുകയാണ്.