കേരളത്തില്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കാലാവസ്ഥാ കേന്ദ്രം. ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വടക്കൻ കേരള തീരം മുതല്‍ വടക്കൻ മഹാരാഷ്ട്ര തീരംവരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തില്‍ ആണ് മഴ എത്തുക. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂലൈ 12 മുതല്‍ 14വരെ ശക്തമായ മഴയ്ക്കും സാധ്യതയെയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ മഴ വ്യാപകമാകാനുള്ള സാധ്യതകളാണ് നിലവിലുള്ളത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് 12ആം തീയതി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 13ആം തീയതിയും, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 14ആം തീയതിയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.