നിരോധിത വെളിച്ചെണ്ണ ഉപയോഗിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ഇടുക്കിയിലെ ആദിവാസികള്‍ക്ക് സംസ്ഥാന സർക്കാർ വിതരണം ചെയ്ത ഭക്ഷണ കിറ്റിലാണ് നിരോധിത വെളിച്ചെണ്ണ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കിറ്റില്‍ ഒരു ലിറ്ററിൻ്റെ നിരോധിത വെളിച്ചെണ്ണ ‘കേരള സുഗന്ധി’ പാക്കറ്റ് ഉണ്ടായിരുന്നു. പരാതി ഉയർന്ന ഉടൻ തന്നെ ആദിവാസി കോർഡിനേഷൻ കമ്മിറ്റിയും ഐടിഡിപി അധികൃതരും വെളിച്ചെണ്ണ പരിശോധനയ്ക്ക് അയച്ചു.
അതേസമയം വെളിച്ചെണ്ണ തന്നെയാണോ ആരോഗ്യ പ്രശ്‌നത്തിന് കാരണമെന്ന് വ്യക്തമല്ലെന്നും പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണെന്നും ട്രൈബല്‍ എക്സ്റ്റൻഷൻ ഓഫീസർ വ്യക്തമാക്കി. സർക്കാർ അംഗീകൃത ഏജൻസികളാണ് കിറ്റുകള്‍ വിതരണം ചെയ്തത്. നിരോധിച്ച വെളിച്ചെണ്ണ നല്‍കിയെന്നാണ് ഇപ്പോള്‍ പരാതി ഉയർന്നിരിക്കുന്നത്. ഇതിൻ്റെ വസ്തുതയും പരിശോധിച്ചുവരികയാണ്. പ്രദേശത്ത് നേരത്തെ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടരുകയാണെന്ന് ട്രൈബല്‍ എക്സ്റ്റൻഷൻ ഓഫീസർ അറിയിച്ചു.