പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ, മുൻ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെയാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. സംഭവത്തിൽ കടുത്ത വിമർശനം ഉയർന്നതിനെത്തുടർന്ന് കോൺഗ്രസ് നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.
രക്തസാക്ഷികളുടെ കുടുംബങ്ങളെ നേതാക്കള്‍ പരസ്യമായി അപമാനിച്ചുവെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിവാഹ ചടങ്ങില്‍ നേതാക്കള്‍ പങ്കെടുത്തത് ഗുരുതര തെറ്റാണെന്നും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണെന്നുമായിരുന്നു അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. ജില്ലയിലെ രക്തസാക്ഷി കുടുംബങ്ങളെ നേതൃത്വം അവഗണിക്കുന്നതായും കണ്ടെത്തലുണ്ടായിരുന്നു.
രക്തസാക്ഷി കുടുംബങ്ങളെ സംരക്ഷിക്കുന്നതിനു കേന്ദ്രീകൃത സംവിധാനം വേണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. പ്രതിമാസം ജില്ലാ നേതാക്കള്‍ രക്തസാക്ഷികളുടെ വീട് സന്ദര്‍ശിക്കണം. രക്തസാക്ഷി കുടുംബങ്ങളെ സംരക്ഷിക്കാന്‍ കെപിസിസി നേതൃത്വത്തില്‍ കമ്മിറ്റിക്ക് രൂപം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. പി.എം. നിയാസ്, എന്‍.സുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കായിരുന്നു അന്വേഷണ ചുമതല.