പോക്സോ കേസിൽ ഹൈകോടതി അറസ്റ്റ് തടഞ്ഞതിനുപിന്നാലെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പ ബംഗളൂരുവിൽ മടങ്ങിയെത്തി. അറസ്റ്റുണ്ടാവുമെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് ഡൽഹിയിൽ അജ്ഞാത കേന്ദ്രത്തിൽ കഴിയുകയായിരുന്നു.
തിങ്കളാഴ്ച സി.ഐ.ഡി മുമ്പാകെ ഹാജരാവണമെന്ന ഹൈകോടതി ജാമ്യവ്യവസ്ഥ പാലിക്കുമെന്ന് അദ്ദേഹം അറിയിച്ചു. താൻ ഡൽഹിയിൽ പോയത് നേരത്തേ നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാനായിരുന്നെന്നും അവകാശപ്പെട്ടു. യെദിയൂരപ്പയെ പോക്സോ കേസിൽ അറസ്റ്റുചെയ്യാൻ നീക്കം നടത്തുന്നത് കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്ന് ബി.ജെ.പി. നേതാക്കൾ ആരോപിച്ചിരുന്നു. കോടതിയിൽ വിശ്വാസമുണ്ടെന്നും തനിക്ക് നീതി ലഭിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.
17 വയസ്സുള്ള പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. മകളോടൊപ്പം കേസിന്റെ കാര്യത്തിൽ സഹായമഭ്യർഥിച്ച് വീട്ടിലെത്തിയപ്പോൾ മകൾക്കുനേരെ ലൈംഗികാതിക്രമം കാണിച്ചെന്നാണ് പരാതി.