കുവൈറ്റ് തീപിടിത്തത്തിൽ 50 പേരുടെ മരണം സ്ഥിരീകരിച്ചതായി കുവൈറ്റിലെ മാധ്യമങ്ങൾ. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഇന്ത്യക്കാരനാണ് മരിച്ചതെന്നാണ് കുവൈറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആളെ തിരിച്ചറിയുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കുവൈറ്റിലെ മംഗഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില്‍ ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അഗ്നിബാധയുണ്ടായത്. മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെത്തിക്കും. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിക്കുക.