രാഷ്ട്രീയത്തേക്കാള്‍ എളുപ്പം സിനിമാഭിനയമാണെന്ന് ബോളിവുഡ് നടിയും ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള ബിജെപി എംപിയുമായ കങ്കണ റണൗട്ട്. ആദ്യമായല്ല തനിക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള ക്ഷണം ലഭിക്കുന്നതെന്നും ഇതിന് മുമ്പും തനിക്ക് അതിന് സാധിക്കുമായിരുന്നെന്നും കങ്കണ വ്യക്തമാക്കി. ഹിമാചലി പോഡ്കാസ്റ്റിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കങ്കണ.
‘ഇതാദ്യമായല്ല എനിക്ക് രാഷ്ട്രീയത്തിലേക്കുള്ള ക്ഷണം ലഭിക്കുന്നത്. മുമ്പും പലരും എന്നെ ക്ഷണിച്ചിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിച്ചയുടനെ എനിക്ക് മത്സരിക്കാന്‍ സീറ്റും ലഭിച്ചു. എന്റെ മുത്തച്ഛന് സര്‍ജു സിങ്ങ് റണൗട്ട് എംഎല്‍എ ആയ വ്യക്തിയാണ്. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചതിനാല്‍ എന്നെ പാര്‍ട്ടികള്‍ സമീപിക്കുന്നത് സ്വാഭാവികമാണ്. എന്റെ അച്ഛനും സഹോദരിക്കും ഇത്തരത്തില്‍ ക്ഷണം ലഭിച്ചിട്ടുണ്ട്.
എന്റെ ആദ്യ ബോളിവുഡ് ചിത്രമായ ഗ്യാങ്സ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ രാഷ്ട്രീയത്തിലേക്ക് വിളിച്ചതാണ്. പക്ഷേ അന്നൊന്നും ഞാന്‍ സമ്മതം മൂളിയില്ല. ഇതാണ് ശരിയായ സമയം എന്നെനിക്ക് തോന്നിയതിനാലാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ ഭാഗമായത്. രാഷ്ട്രീയത്തില്‍ താത്പര്യം കാണിച്ചില്ലായിരുന്നെങ്കില്‍ എനിക്ക് ഇത്രയും പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടി വരില്ലായിരുന്നു.