POLITICAL NEWS :ലോക്സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ നിറം മങ്ങിയ പ്രകടനത്തിന് കാരണക്കാരായ ചില പിന്നണി പോരാളികൾ കൂടി ഉണ്ട് ഇവിടെ. ‘ഇന്ത്യ’യെ രക്ഷിക്കാൻ സമൂഹമാധ്യമങ്ങളെ ചാട്ടുളിയാക്കി പൊരുതിയ യുട്യൂബർമാർ. ചെറുപ്പക്കാർ തൊട്ട് മുതിർന്ന വരെ ഒരുപോലെ ഏറ്റെടുത്ത ധ്രുവ് റാഠി മുതൽ രവീഷ് കുമാർ വരെ ഈ പട്ടികയിൽ പെടുന്നു.കേന്ദ്രസർക്കാരിന്റേയും ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും പൊളിച്ചടുക്കാൻ ഇവർ സധൈര്യം ഇറങ്ങുകയായിരുന്നു. ലക്ഷക്കണക്കിന് ജനങ്ങളാണ് ഇവരെ കണ്ടതും കേട്ടതും. ഇവരിലൂടെ ജനം യാഥാർത്ഥ്യം തിരിച്ചറിഞ്ഞതോടെ 400 എന്ന കൂറ്റൻ സംഖ്യ നേടുമെന്ന് വീമ്പിളക്കി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയവർക്ക് അടിതെറ്റി. ഒടുക്കം 240 കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് വരെ സോഷ്യൽ മീഡിയ അടക്കി വാണിരുന്നത് ബിജെപിയായിരുന്നു. നിങ്ങൾ സത്യമെന്നോ വ്യാജമെന്നോ നോക്കേണ്ട, ബിജെപിക്ക് വേണ്ടിയുള്ളതെന്തോ അതെല്ലാം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കൂ എന്നായിരുന്നു മുൻപ് അമിത് ഷാ ബിജെപിയുടെ സോഷ്യൽ മീഡിയ പോരാളികൾക്ക് നൽകിയ നിർദ്ദേശം. ഇത് അക്ഷരാർത്ഥത്തിൽ നടപ്പാക്കുകയായിരുന്നു ബിജെപി. എന്നാൽ ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയയിൽ ബിജെപിക്ക് കാലിടറി. ധ്രുവിനെ പോലെ അഭഷേക് ബാനർജിയെ പോലെ നിരവധി പേർ മോദിയുടെ ഏകാധിപത്യ നിലപാടിനേയും വർഗീയ പ്രചരണങ്ങളേയും ജനാധിപത്യ വിരുദ്ധതയേയും വ്യാജപ്രചരണങ്ങളേയും തുറന്ന് കാട്ടി യുട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയകൾ അടക്കിവാണു.ധ്രുവിന്റെ വീഡിയോകൾക്കായിരുന്നു ഏറ്റവും കൂടുതൽ കാഴ്ചക്കാർ ഉണ്ടായിരുന്നത്. ‘മോദി ദി റിയൽ സ്റ്റോറി’ എന്ന ധ്രുവിന്റെ വീഡിയോ കണ്ടത് 27 മില്യൺ ആളുകളാണ്. വസ്തുതൾ തുറന്ന് കാട്ടിയും ചോദ്യമുയർത്തിയും ബിജെപിയുടെ വാട്സ് ആപ് സർവ്വകലാശാലകളെ പൊളിച്ചടുക്കിയുമെല്ലാം ധ്രുവ് ചെയ്ത വീഡിയോകൾക്ക് ആരാധകർ ഏറെയായിരുന്നു. പ്രതിപക്ഷ നേതാക്കൾ അടക്കം ധ്രുവിന്റെ വീഡിയോ പങ്കിട്ട് ബിജെപിയെ മുൾമുനയിൽ നിർത്തി.ബിജെപിക്ക് ഏറ്റവും കൂടുതൽ പിന്തുണ ഉണ്ടായിരുന്ന ഹിന്ദി ബെൽറ്റിൽ ധ്രുവിന്റെ വീഡിയോകൾ കത്തിക്കയറി. യുവാക്കൾ ധ്രുവിന്റെ വീഡിയോ ചൂണ്ടുക്കാട്ടി ‘മോദി’മീഡിയകൾക്ക് മറുപടി നൽകി. ബിജെപിക്കെതിരെ വീഡിയോ ചെയ്തതിന് കടുത്ത സൈബർ ആക്രമണമാണ് ധ്രുവിന് നേരിടേണ്ടി വന്നത്. എന്തിന് വധഭീഷണിയടക്കം ഉണ്ടായി. അപ്പോഴും ‘ഇന്ത്യ’യെ രക്ഷിക്കുകയെന്ന തന്റെ ധൗത്യത്തിൽ നിന്നും ഒരടി പിന്നോട്ട് പോകാൻ ധ്രുവ് തയ്യാറായിരുന്നില്ല. ധ്രുവ് മാത്രമല്ല മാധ്യമപ്രവർത്തകനായ രവീഷ് കുമാറും അഭിഷേക് ബാനർജിയും അടക്കമുള്ളവർ ബിജെപിയെ തുറന്നുകാട്ടി ജനങ്ങളോട് നിരന്തരം സംവദിച്ചുകൊണ്ടേയിരുന്നു. ഇനിയും ജനാധിപത്യത്തിന് വേണ്ടി ഉറച്ച ശബ്ദങ്ങളായി തന്നെ ജോലി തുടരുമെന്ന് ആവർത്തിക്കുകയാണ് ഇവർ.
![](https://kottarakkaramedia.com/wp-content/uploads/2022/09/small-logo.jpg)