
KERALA NEWS TODAY:പാലക്കാട്: പാലക്കാടൻ ചൂടിലും തളരാത്ത പോരാട്ട വീര്യം കാഴ്ചവെച്ച് യുഡിഎഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠൻ വിജയത്തിലേക്ക്. സിപിഎമ്മിന്റെ മുതിർന്ന നേതാവായ വിജയരാഘവന് പ്രതീക്ഷിച്ച പോരാട്ടം മണ്ഡലത്തിൽ കാഴ്ചവയ്ക്കാൻ സാധിച്ചില്ല. മണ്ഡലത്തില്‍ നേടിയ മികച്ച വിജയത്തിന് വി കെ ശ്രീകണ്ഠൻ ജനങ്ങളോട് നന്ദി പറഞ്ഞു. ഒരു പൂ ചോദിച്ചു, പാലക്കാട്ടുകാർ പൂക്കാലം തന്നു എന്നായിരുന്നു വി കെ ശ്രീകണ്ഠന്‍റെ പ്രതികരണം. 4 ഇരട്ടി ഭൂരിപക്ഷമാണ് പ്രതീക്ഷിച്ചത്. കിട്ടിയത് അതിലും ഇരട്ടിയാണെന്ന് ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞു.ഇടതുകോട്ടയായ പാലക്കാടിനെ ഞെട്ടിച്ചാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വി കെ ശ്രീകണ്ഠന്‍ മണ്ഡലം തിരിച്ചുപിടിച്ചത്. 1991-ന് ശേഷം ഇടത് കോട്ടയ്ക്കുണ്ടാക്കിയ വിള്ളലായിരുന്നു അത്. എകെജിയെയും, ഇകെ നായനാരെയുമൊക്കെ ആദ്യമായി പാര്‍ലമെന്റിലെത്തിച്ച മണ്ഡലമാണിത്. പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നുള്ളതാണ് പാലക്കാട് ലോക്‌സഭാ മണ്ഡലം. മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ 11-ലും ജയിച്ചത് ഇടതുമുന്നണിയായിരുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വെറും 11,637 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി കെ ശ്രീകണ്ഠന്‍ ജയിച്ചത്.