KERALA NEWS TODAY THIRUVANATHAPURAM:
സംസ്ഥാനത്ത് കാലവര്‍ഷം ഇന്ന് എത്തിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. വയനാട് കണ്ണൂര്‍ കാസര്‍ഗോഡ് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.ഇതിനൊപ്പം കേരളതീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശവും കടലാക്രമണ സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണം. തെക്കന്‍ കേരള തീരത്തും, ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്.അതേസമയം മഴക്കെടുതിയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ നിലവിൽ ഏട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 17 കുടുംബങ്ങളിലെ 66 പേരാണുള്ളത്. തിരുവനന്തപുരം, വർക്കല, കാട്ടാക്കട താലൂക്കുകളിൽ രണ്ട് ക്യാമ്പുകൾ വീതവും നെയ്യാറ്റിൻകര, നെടുമങ്ങാട് താലൂക്കുകളിൽ ഓരോ ക്യാമ്പുകൾ വീതവും പ്രവർത്തിക്കുന്നു.തിരുവനന്തപുരം താലൂക്കിൽ ജി.എച്ച്.എസ്. കാലടി, നെടുമങ്ങാട് താലൂക്കിൽ തേമ്പാമൂട് അങ്കണവാടി, വർക്കല താലൂക്കിൽ മുട്ടള ജി.എൽ.പി.എസ്, കുളമുട്ടം ജി.എൽ.പി.എസ്, കാട്ടാക്കട താലൂക്കിൽ കാപ്പിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, ഉഴമലയ്ക്കൽ പഞ്ചായത്ത് ബഡ്സ് സ്കൂൾ എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പുകൾ തുറന്നത്.