ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്നാം തവണയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീട നേട്ടത്തിലെത്തിയത് കൂട്ടായ്മയുടെ കരുത്തിൽ. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ നായകത്വത്തിൽ താരങ്ങളുടെ മികച്ച പ്രകടനത്തിനൊപ്പം മെന്റർ ഗൗതം ഗംഭീറിന്റെയും മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റിന്റെയും അസി. കോച്ച് അഭിഷേക് നായരുടെയുമെല്ലാം സംഭാവനകളും കിരീട നേട്ടത്തിൽ നിർണായകമായി. ടീം ഉടമകളും ബോളിവുഡ് താരങ്ങളുമായ ഷാറൂഖ് ഖാനും ജൂഹി ചൗളയുമെല്ലാം എല്ലാ പിന്തുണയുമായി ടീമിനൊപ്പം നിന്നു.
വ്യക്തമായ മേധാവിത്തത്തോടെയാണ് കൊൽക്കത്ത ടൂർണമെന്റിൽ ജേതാക്കളാകുന്നത്. ലീഗ് ഘട്ടത്തിലെ 14 മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രം തോറ്റ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കൊൽക്കത്ത ആദ്യ ക്വാളിഫയറിലും ഫൈനലിലും ഹൈദരാബാദിനെ തോൽപിച്ച് ആധികാരികമായാണ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. ടൂർണമെന്റിൽ എതിർ ടീമിന്റെ 110 വിക്കറ്റുകളാണ് അവർ എറിഞ്ഞുവീഴ്ത്തിയത്. മറ്റൊരു ടീമിനും ഇത് അവകാശപ്പെടാനില്ല. ആറുതവണ എതിർ ടീമിന്റെ മുഴുവൻ വിക്കറ്റും വീഴ്ത്തി.