ഐ.പി.എൽ ആവേശപ്പോരാട്ടത്തിന് ഞായറാഴ്ച മെഗാ ഫൈനൽ. കരുത്തരായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. വെള്ളിയാഴ്ച രാത്രി രാജസ്ഥാൻ റോയൽസിനെ 36 റൺസിന് കീഴടക്കിയതിന്റെ ക്ഷീണം മാറുംമുമ്പാണ് ഞായറാഴ്ച ഹൈദരാബാദ് ഇറങ്ങുന്നത്. കടുത്ത ചൂടുള്ള ചെന്നൈയിൽ ഫൈനൽ തലേന്ന് ഹൈദരാബാദ് പരിശീലനത്തിനിറങ്ങിയില്ല. താരങ്ങൾക്ക് പൂർണ വിശ്രമം നൽകുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഒന്നാം ക്വാളിഫയറിൽതന്നെ ജയിച്ച് ഫൈനലിലെത്തിയ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് ആവശ്യത്തിന് വിശ്രമം കിട്ടിയിരുന്നു. നേരത്തേ ചെന്നൈയിലെത്തിയ കൊൽക്കത്ത സംഘം കഠിനമായ പരിശീലനത്തിലായിരുന്നു. ഒന്നാം ക്വാളിഫയറിന്റെ ആവർത്തനംകൂടിയാണ് ഈ പോരാട്ടം. എട്ട് വിക്കറ്റിന് ആധികാരികമായായിരുന്നു കൊൽക്കത്ത ഒന്നാം ക്വാളിഫയറിൽ ഹൈദരാബാദിനെ കീഴടക്കിയത്.