KERALA NEWS TODAY KOCHI :കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും ഇടിഞ്ഞു. വ്യാഴാഴ്ച 800 രൂപ കുറഞ്ഞ പിന്നാലെ ഇന്ന് 720 രൂപ താഴ്ന്നു. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണം എത്തുകയും ചെയ്യും. എന്നാല്‍ ഇക്കാര്യത്തില്‍ അമിത പ്രതീക്ഷ വയ്ക്കാനാകില്ല.ഈ മാസം 20ന് രേഖപ്പെടുത്തിയ 55120 രൂപയായിരുന്നു റെക്കോര്‍ഡ് പവന്‍ നിരക്ക്. ഇന്ന് വാങ്ങുന്നവര്‍ക്ക് ഇതിനേക്കാള്‍ 2000 രൂപ കുറവിലാണ് സ്വര്‍ണം കിട്ടുക. അമേരിക്കയിലെ പലിശ നിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട് എന്ന പ്രചാരണമാണ് സ്വര്‍ണത്തിന് ആവശ്യക്കാരെ കുറയ്ക്കുന്നത്. വ്യാഴാഴ്ച ഔണ്‍സിന് രണ്ട് ശതമാനം വിലക്കുറവിന് ഇത് കാരണമായി. എന്നാല്‍ ആഗോള വിപണിയില്‍ ഇന്ന് അല്‍പ്പം വില കൂടിയിട്ടുണ്ട്.കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 53120 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 800 രൂപയും ഇന്ന് 720 രൂപയും കുറഞ്ഞത് ആഭരണപ്രേമകള്‍ക്ക് വലിയ സന്തോഷം നല്‍കുന്നതാണ്. സ്വര്‍ണവില കുതിച്ചുയരുമെന്നും 60000 കടക്കുമെന്നുമുള്ള പ്രചാരണത്തിനിടെയാണ് അപ്രതീക്ഷിത വിലയിടിവ്. ഗ്രാമിന് 90 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 6640 രൂപയാണ്.വില കുറയുന്ന വേളയില്‍ വിവാഹ ആവശ്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വര്‍ണം വാങ്ങാന്‍ ശ്രമിക്കുക സ്വാഭാവികമാണ്. അതേസമയം, സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ക്ക് വില ഉയരാനാകും താല്‍പ്പര്യം. ആഭരണം വാങ്ങുന്നവര്‍ക്ക് വില കുറയുന്ന വേളയില്‍ അഡ്വാന്‍സ് ബുക്ക് ചെയ്യാനുള്ള അവസരം ഉപയോഗപ്പെടുത്താം. ഇത്തരക്കാര്‍ വര്‍ധിച്ചുവെന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്.