Latest Malayalam News - മലയാളം വാർത്തകൾ

ഭാര്യയുമായി വഴക്കിട്ട ഭർത്താവ് കെഎസ്ആർടിസി ബസ്സിന്റെ ജനലിലൂടെ പുറത്തേക്ക് ചാടി; കാലൊടിഞ്ഞു

KERALA NEWS TODAY KOTTAYAM:കോട്ടയം: ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് ഓടിക്കാെണ്ടിരിക്കുകയായിരുന്ന കെ എസ് ആർ ടി സി ബസ്സിൽ നിന്ന് യുവാവ് പുറത്തുചാടി. ബസ്സിന്റെ ജനലിലൂടെ ചാടിയ യുവാവിന്റെ കാൽ ഒടിഞ്ഞു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. സാരമായി പരിക്കേറ്റ വൈക്കം ഇടയാഴം സ്വദേശിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു കെ എസ് ആർ ടി സി ബസ്. ചങ്ങനാശ്ശേരി എത്തിയത് മുതൽ ഭാര്യയും ഭർത്താവും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നതായി ബസ്സിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ പറഞ്ഞു. തുടർന്ന് നാട്ടകം മറിയപ്പള്ളി ഭാ​ഗത്ത് എത്തിയപ്പോൾ ബസ്സിൽ നിന്ന് ഇറങ്ങണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ കെ എസ് ആർ ടി സി സ്റ്റാൻഡിൽ ഇറക്കാമെന്ന് ബസ് ജീവനക്കാർ ഇയാളെ അറിയിച്ചു.ഇതിന് പിന്നാലെ ഇയാൾ ബസ്സിന്റെ ജനലിലൂടെ റോഡിലേക്ക് ചാടി. ഉടൻ തന്നെ ബസ്സ് നിർത്തി. 108 ആംബുലൻസ് വിളിച്ചുവരുത്തി ഇയാളുടെ ഭാര്യയും മറ്റുള്ളവരും ചേർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇയാളുടെ ഇടത് കാലിന് ഒടിവുണ്ട്.
ആരോ​ഗ്യനില തൃപ്തികരം ആണെന്നും സ്കാനിം​ഗുകൾക്ക് ശേഷം തുടർ ചികിത്സ നിശ്ചയിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതേ സമയം വാഹനത്തിൽ നിന്ന് ചാടിയുള്ള അപകടം ആയതുകൊണ്ട് പ്രഥമിക വിവരശേഖരണം നടത്തുമെന്ന് ​ഗാന്ധിന​ഗർ‌ പോലീസ് പറഞ്ഞു. നിലവിൽ ആരും പരാതിപ്പെട്ടിട്ടില്ലെന്നും പരാതി നൽകിയാൽ അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

Leave A Reply

Your email address will not be published.