Latest Malayalam News - മലയാളം വാർത്തകൾ

 കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സാപ്പിഴവെന്ന് പരാതി; കൈക്ക് പൊട്ടലിനുള്ള ശസ്ത്രക്രിയക്കിടെ കമ്പി മാറിയിട്ടു

Kozhikode

 കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സാപ്പിഴവെന്ന് പരാതി. അപകടത്തിൽ പരിക്കേറ്റ രോഗിയുടെ കൈക്ക് പൊട്ടലിനുള്ള ശസ്ത്രക്രിയക്കിടെ കമ്പി മാറിയിട്ടുവെന്നാണ് പരാതി. കോതിപ്പാലം സ്വദേശി അജിത്തിനാണ് ശസ്ത്രക്രിയ മാറിചെയ്തത്. ബൈക്ക് അപകടത്തെത്തുടര്‍ന്ന് അജിത്തിന്റെ കൈക്ക് പൊട്ടലേറ്റിരുന്നു. തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. പരിശോധിച്ച ശേഷം ചികിത്സാപ്പിഴവ് ബോധ്യപ്പെട്ടാല്‍ നടപടിയുണ്ടാവുമെന്ന് എ.സി.പി. പ്രേമചന്ദ്രന്‍ അറിയിച്ചു. അജിത്തിനെ പരിശോധിച്ച ഡോക്ടറാണ് സംശയം പ്രകടിപ്പിച്ചത്. എന്നാല്‍, മുതിര്‍ന്ന ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചപ്പോള്‍ അങ്ങനെയൊരു സാധ്യതയില്ലെന്നാണ് പ്രാഥമികമായി പറയുന്നതെന്നും കമ്മിഷണര്‍ അറിയിച്ചു.കഴിഞ്ഞ ശനിയാഴ്ച കണ്ണഞ്ചേരിയില്‍വെച്ച് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുള്ള അപകടത്തിലാണ് അജിത്തിന് പരിക്കേറ്റത്. ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ശസ്ത്രക്രിയ നടത്തി കൈയില്‍ കമ്പിയിടുകയും ചെയ്തു. പുറത്തുനിന്ന് വാങ്ങി നല്‍കിയ കമ്പിയാണിട്ടത്. ഇതിന്റെ അളവ് മാറിപ്പോയെന്നാണ് അജിത്തിന്റേയും കുടുംബത്തിന്റേയും പരാതി. മറ്റൊരു രോഗിയുടെ കമ്പി മാറിയിടുകയായിരുന്നു. ശസ്ത്രക്രിയക്കുശേഷം നടത്തിയ പരിശോധനയിലാണ് കമ്പിയുടെ അളവ് മാറിപ്പോയെന്ന് പരിശോധിച്ച ഡോക്ടര്‍ അറിയിച്ചത്.

 

 

Leave A Reply

Your email address will not be published.