ഇടുക്കി ജില്ലയിൽ ഡെങ്കിപ്പനിക്കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതായി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും വകുപ്പ് നിർദ്ദേശം നല്കി. ഇടവിട്ട് ചില സ്ഥലങ്ങളിൽ വേനൽവഴ പെയ്യുന്നതിനാൽ വീടിന്റെ പുറത്തും അടുത്തുള്ള പറമ്പുകളിലും മഴവെള്ളം (ശുദ്ധജലം) കെട്ടിക്കിടക്കുന്നത് ഡെങ്കിപ്പനി കൂടാൻ കാരണമായിട്ടുണ്ട്. അതിനാൽ മഴവെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഫ്രിഡ്ജിന്റെ പുറകിൽ, ഇൻഡോർ പ്ലാന്റ്സ്, എന്നിവയാണ് വീടിന്റെ ഉള്ളിലെ പ്രധാന ഉറവിടങ്ങൾ. വേനൽ മഴ തുടങ്ങിയതിനാൽ വീടിന്റെ പരിസരങ്ങളിൽ അലക്ഷ്യമായി കിടക്കുന്ന കുപ്പി, പാട്ട, ചിരട്ട, പ്ലാസ്റ്റിക് മാലിന്യങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവയൊക്കെ ശ്രദ്ധിക്കണം.
ജനങ്ങൾ കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ പരിസരപ്രദേശങ്ങളിലോ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ജലക്ഷാമമുള്ള ഏരിയകളിൽ വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങളിൽ കൊതുക് വളരാൻ സാധ്യതയുള്ളതിനാൽ വെള്ളം മൂടിവച്ച് ഉപയോഗിക്കണം.
റബർ ടാപ്പിങ് ചിരട്ടകൾ, കൊക്കോ തോടുകൾ, കമുകിന്റെ പോളകൾ, വീടിന്റെ സൺ ഷെയ്ഡുകൾ, വെള്ളം നിറച്ച അലങ്കാര കുപ്പികൾ ഉപയോഗശൂന്യമായ ടാങ്കുകൾ, ടയറുകൾ, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ,പാറയുടെ പൊത്തുകൾ, മുളങ്കുറ്റികൾ, കുമ്പിൾ ഇലകളോടുകൂടിയ ചെടികൾ, മരപ്പൊത്തുകൾ തുടങ്ങി ഒരു സ്പൂണിൽ താഴെ വെള്ളം പോലും ഒരാഴ്ചതുടർച്ചയായി കെട്ടി നിൽക്കുകയാണെങ്കിൽ ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരുന്ന സാഹചര്യം ഉണ്ടെന്നും അറിയിപ്പിൽ പറയുന്നു.