KERALA NEWS TODAY KOCHI:കൊച്ചി : വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ നവവധുവിന് ഭർത്താവിന്റെ ക്രൂരമർദനം. പറവൂർ സ്വദേശിയായ യുവതിയാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭർത്തൃവീട്ടിൽ മർദനത്തിനിരയായത്. സംശയത്തിന്റെ പേരിലാണ് മദ്യപിച്ചെത്തി ഭർത്താവ് തന്നെ ക്രൂരമായി മർദിച്ചതെന്ന് അതിക്രമത്തിനിരയായ യുവതിയെ ഉദ്ധരിച്ച് മാതൃഭൂമി ഡോട്ട് കോം റിപോർട്ട് ചെയ്തു. മൊബൈൽ ചാർജറിന്റെ വയർ കഴുത്തിൽ മുറുക്കിയെന്നും ക്രൂരമായി മർദിച്ചെന്നും യുവതി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതി പറവൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.ഈ മാസം അഞ്ചിനാണ് പറവൂർ സ്വദേശിയായ പെൺകുട്ടിയും കോഴിക്കോട് പന്തീരങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുൽ പി. ഗോപാലും തമ്മിലുള്ള വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽവെച്ച് നടന്നത്. തുടർന്ന് വിവാഹാനന്തരച്ചടങ്ങായ അടുക്കളകാണലിന് വധുവിന്റെ വീട്ടുകാരടങ്ങുന്ന സംഘം രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ ക്രൂരമായി മർദിച്ച നിലയിൽ കണ്ടത്. തുടർന്ന് ശാരീരികമായി പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവ് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുൽ പി. ഗോപാലി(29)ന്റെപേരിൽ ഗാർഹികപീഡനത്തിന് പോലീസ് കേസെടുക്കുകയായിരുന്നു.
മാട്രിമോണിയൽ വെബ്‌സൈറ്റ് വഴിയാണ് രാഹുലിന്റെ വിവാഹാലോചന വന്നതെന്നാണ് യുവതി പറയുന്നത്. ഒരിക്കൽ ആലോചന വന്ന് ചില കാരണങ്ങളാൽ മുടങ്ങി പോയിരുന്നു. പിന്നീട് രണ്ടാമത് രാഹുലിന്റെ താത്പര്യപ്രകാരം വീണ്ടും ആലോചനയുമായി എത്തുകയായിരുന്നു. തുടർന്നാണ് വിവാഹം നടന്നത്. വിവാഹത്തിന് മുമ്പ് ഇത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, വിവാഹത്തിന് ശേഷം ചെറിയ പിണക്കമുണ്ടായി. ഇതിന് പിന്നാലെ കൂടെ ജോലി ചെയ്യുന്നവരടക്കമുള്ള പുരുഷന്മാരുടെ ഫോൺ നമ്പരുകൾ ബ്ലോക്ക് ചെയ്തു. ഇതിനുശേഷം ഒരു പരിപാടിയിൽ പങ്കെടുത്ത് തിരികെ മദ്യപിച്ചെത്തി ഈ കാരണം പറഞ്ഞ് ക്രൂരമായി മർദിക്കുകയാണുണ്ടായതെന്നും യുവതി പറഞ്ഞു.