MALAPPURAM KERALA NEWS TODAY :തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തില്‍ അധികബാച്ച് അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബാച്ച് വര്‍ധിപ്പിക്കുന്നതിന് പരിമിതകളുണ്ട്, നിലവില്‍ പ്രതിസന്ധികളില്ല, അത്തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി.സീറ്റ് വര്‍ധനയ്ക്ക് പകരം ബാച്ച് വര്‍ധനയാണ് വേണ്ടത് എന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. എന്തായാലും ഈ വര്‍ഷം അധികബാച്ച് എന്നത് നടപ്പിലാകില്ലെന്ന് മന്ത്രി ഉറപ്പിച്ചുപറയുന്നു. കുറെ കുട്ടികള്‍ വിജയിച്ചിട്ടുണ്ട്, അതുകൊണ്ട് ഒരു ക്ലാസില്‍ 65 കുട്ടികളൊക്കെ ഇരിക്കേണ്ടിവരും, ജമ്പോ ബാച്ചുകള്‍ അനുവദിക്കുന്ന വിഷയം ചര്‍ച്ചയിലുണ്ട്, ഒരു പ്രതിസന്ധിയും ഇപ്പോഴില്ല, എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പരിഹരിക്കും, പ്രതിസന്ധിയുണ്ടെന്ന തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി വി ശിവൻകുട്ടി. അതേസമയം പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് അധിക ബാച്ച് അനുവദിക്കണമെന്ന ആവശ്യത്തില്‍ തന്നെയാണ് മലബാര്‍ ജില്ലകള്‍ – പ്രത്യേകിച്ച് മലപ്പുറം തുടരുന്നത്. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരത്തിന് മുന്നിട്ടിറങ്ങുമെന്നാണ് കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് അറിയിച്ചത്.