പ്രണയാഭ്യർഥന നിരസിച്ചതിനു പാനൂർ വല്ല്യായിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി(ഒന്ന്) ജഡ്ജി എ.വി. മൃദുലയാണ് കേസിൽ വിധി പറയുന്നത്. തനിക്ക് ഒന്നും പറയാനില്ലെന്ന് പ്രതി കോടതിയിൽ വ്യക്തമാക്കി.
2022 ഒക്ടോബർ 22നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രണയാഭ്യർഥന നിരസിച്ചതിനു പ്രതി ശ്യാംജിത്ത് വീട്ടില്‍ കയറി വിഷ്ണുപ്രിയയെ മാരകമായി കുത്തി പരുക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2023 സെപ്റ്റംബർ 21നാണ് വിചാരണ തുടങ്ങിയത്. കേസിൽ 73 സാക്ഷികളാണുള്ളത്.
അടുത്ത ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി വീട്ടിലുള്ളവരെല്ലാം പോയ സമയത്ത്, വിഷ്ണുപ്രിയ തനിച്ചായിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ബന്ധുവീട്ടിലായിരുന്ന വിഷ്ണുപ്രിയ രാവിലെ വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന വിഷ്ണുപ്രിയയെ ആദ്യം കണ്ടത്. വൈകാതെ മരണം സംഭവിച്ചു.