കൊച്ചി പനമ്പിള്ളിനഗറിൽ അമ്മ ഫ്ലാറ്റിൽനിന്ന് എറിഞ്ഞ് കൊന്ന നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചു. പുല്ലേപ്പടി ശ്മശാനത്തിൽ രാവിലെയായിരുന്നു സംസ്കാരം. എറണാകുളം സൗത്ത് പൊലീസും കൊച്ചി കോർപറേഷനുമാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
രാവിലെ കളമശ്ശേരി മെഡിക്കൽ കോളേജിൽനിന്നും പൊലീസ് മൃതദേഹം ഏറ്റുവാങ്ങി കൊച്ചി കോർപറേഷൻ മേയർക്ക് കൈമാറി. തുടർന്നാണ് ശ്മശാനത്തിൽ എത്തിച്ചത്. അടുത്തിടെ രണ്ടാനച്ഛനും അമ്മയും ചേർന്ന് കൊന്ന പിഞ്ചുകുഞ്ഞിനെ സംസ്കരിച്ചതിനോട് ചേർന്നാണ് ഈ കുഞ്ഞിനും അന്ത്യവിശ്രമം ഒരുക്കിയത്. കൊച്ചി സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും കോർപറേഷനിലെ ജീവനക്കാരും നേരിട്ടെത്തി. മേയർ അനിൽ കുമാർ അന്ത്യാഞ്ജലി അർപ്പിച്ചു. പലരും പൂക്കൾ അർപ്പിക്കുകയും ചെയ്തു.
14 ദിവസം റിമാൻഡിലായ 23കാരി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. യുവതിയുടെ വിശദ മൊഴിയെടുത്തിട്ടില്ല. കസ്റ്റഡിയിൽ വാങ്ങിയ ശേഷം മൊഴിയെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ഡി.എൻ.എ പരിശോധന നടത്താൻ യുവതിയിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കുഞ്ഞിന്റെ രക്തസാമ്പിൾ ശേഖരിച്ചത് ഡി.എൻ.എ പരിശോധനക്ക് അയച്ചിട്ടുണ്ട്.