Latest Malayalam News - മലയാളം വാർത്തകൾ

ശൈലജയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്, ചുറ്റുമതിലിൽ ബിജെപിയുടെ ചുവരെഴുത്ത്- തർക്കം,ഒടുവിൽ സബ് കലക്ടർ ഇടപെട്ടു

KERALA NEWS TODAY KANNUR:
തലശ്ശേരിയിൽ ഒഴിഞ്ഞുകിടന്നൊരു വീടും അതിന്‍റെ ചുറ്റുമതിലും രാഷ്ട്രീയ തർക്കത്തെ തുടർന്ന് പൊലീസ് കാവലിൽ. മഞ്ഞോടിയിലെ പൂട്ടിയിട്ട വീടാണ് എൽഡിഎഫ്, എൻഡിഎ മുന്നണികൾ തർക്കത്തിലാകാൻ കാരണം. വീട് എൽഡിഎഫിന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കാൻ ഉടമ അനുവാദം നൽകിയിരുന്നു. ചുറ്റുമതിലാകട്ടെ ബിജെപിക്ക് ചുവരെഴുതാനും വാക്കാൽ അനുമതി നൽകി. ഇടതുമുന്നണി ഓഫീസ് തുറക്കും മുമ്പ് വടകര സ്ഥാനാർഥി പ്രഫുൽ കൃഷ്ണന് വോട്ട് ചോദിച്ച് ബിജെപി ചുവരെഴുതുകയും ചെയ്തു. തുടർന്ന് ചുറ്റുമതിലിലെ ചുവരെഴുത്തിനെതിരെ എൽഡിഎഫ് പരാതി നൽകി. ഇരുവിഭാഗത്തെയും പൊലീസ് വിളിപ്പിച്ചു. എന്നാൽ ഇരുവിഭാ​ഗവും വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതോടെ തീരുമാനമായില്ല. പൊലീസ് വിഷയം സബ് കളക്ടറെ അറിയിച്ചു. വീട്ടുടമ വാക്കാൽ നൽകിയ ഉറപ്പായതിനാൽ ആരും മതിൽ ഉപയോഗിക്കേണ്ടെന്ന് തീരുമാനമായി.തുടർന്ന് ബിജെപിയുടെ ചുവരെഴുത്ത് വെള്ളത്തുണി കൊണ്ട് മറച്ചു. എന്നാൽ വീടിന് മുന്നിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്‍റെ ഗേറ്റ് സ്ഥാപിച്ചു. ഇതോടെ ബിജെപി പ്രവർത്തകർ ചുവരെഴുത്ത് മറച്ച തുണി മാറ്റി. തുടർന്ന് വീണ്ടും തർക്കമായി. ഇതോടെ പൊലീസ് ഇടപെടുകയും കാവൽ ഏർപ്പെടുത്തുകയും ചെയ്തു. വിഷയത്തിൽ വീണ്ടും സബ് കളക്ടർ ഇടപെടുകയും വെള്ളച്ചായം പൂശുകയും ചെയ്താണ് തർക്കം അവസാനിപ്പിച്ചത്.

Leave A Reply

Your email address will not be published.