Latest Malayalam News - മലയാളം വാർത്തകൾ

പാപ്പാന്‍ മദ്യലഹരിയില്‍; 39 ആനകളുളള ഗുരുവായൂരപ്പന് ആനയില്ലാ ശീവേലി

KERALA NEWS TODAY THRISSUR :ഗുരുവായൂർ: പാപ്പാൻ മദ്യപിച്ചതിനാൽ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി. ഇന്ത്യയിലെ ഏറ്റവും വലിയ ഗജസമ്പത്തിന് ഉടമയാണ് ഗുരുവായൂർ ദേവസ്വം. ഇന്നലെ വൈകിട്ട് 3.30നായിരുന്നു സംഭവം. കൃഷ്ണ നാരായണൻ എന്ന ആനയെയാണ് ശീവേലിക്കായി നിശ്ചയിച്ചിരുന്നത്. കരുതലായി രാധാകൃഷ്ണൻ എന്ന കൊമ്പനെയും ഏർപ്പാടാക്കിയിരുന്നു. കൃഷ്ണ നാരായണൻ വരാതിരുന്നതിനെ തുടർന്ന് കരുതൽ ആയ രാധാകൃഷ്ണനെ തിടമ്പേറ്റാൻ നിറുത്തിയെങ്കിലും തിടമ്പേറ്റി പരിചയമില്ലാത്ത കൊമ്പനായതിനാൽ കീഴ്‌ശാന്തിക്ക് ആന പുറത്ത് കയറാൻ പറ്റുന്ന രീതിയിൽ ആനയ്ക്ക് ഇരിക്കാൻ കഴിഞ്ഞില്ല.പാപ്പാന്മാർ വീണ്ടും ആനയെ ഇരുത്താൻ ശ്രമിച്ചപ്പോൾ കുത്തു വിളക്കുമായി മുന്നിൽ നിൽക്കുന്ന കഴകക്കാരൻ അച്ചുണ്ണി പിഷാരടിയെ കൊമ്പ് കൊണ്ട് തട്ടി തെറിപ്പിച്ചു കൊമ്പൻ നീരസം പ്രകടമാക്കി.ഭാഗ്യത്തിന് ഇയാൾക്ക് കാര്യമായ പരിക്ക് പറ്റിയില്ല. നടയും പിന്നും പൂട്ടിയിരുന്നതിനാൽ കൂടുതൽ അക്രമാസക്തനാകാൻ കൊമ്പന് സാധിച്ചില്ല. ഉടൻ തന്നെ പാപ്പാന്മാർ ആനയെ വരുതിയിലാക്കി ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ട് പോയി. തുടർന്ന് തിടമ്പ് കയ്യിൽ പിടിച്ചു കീഴ്‌ശാന്തി തിരുവാലൂർ ഹരിനാരായണൻ നമ്പൂതിരി ശീവേലി ചടങ്ങു പൂർത്തിയാക്കി. ക്ഷേത്രത്തിൽ ആചാരപരമായി ആനയോട്ട ദിവസം മാത്രമാണ് ആനയില്ലാതെ ശീവേലി നടത്താറ്, ബാക്കി വർഷത്തിൽ എല്ലാ ദിനവും ആനപുറത്ത് തിടമ്പേറ്റിയാണ് ഗുരുവായൂരപ്പന് ശീവേലി നടത്തുന്നത്.തിടമ്പേറ്റാനുള്ള കൃഷ്ണ നാരായണൻ എന്ന ആന വരാതിരുന്നത് അന്വേഷിക്കാൻ ശീവേലി പറമ്പിൽ ചെന്ന ദേവസ്വം അഡ്മിനിസ്ട്രേറ്ററെ മദ്യപിച്ച പാപ്പാൻ നന്ദകുമാർ ഭീഷണിപ്പെടുത്തി എന്നാണ് സൂചന. പോലീസ് ഇയാളെ വൈദ്യ പരിശോധനക്ക് വിധേയനാക്കി. ജീവനക്കാരുടെ രാഷ്ട്രീയ സ്വാധീനം ദേവസ്വത്തിന്റെ കെടുകാര്യസ്ഥതയ്ക്ക് കാരണമാകുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Leave A Reply

Your email address will not be published.