
KERALA NEWS TODAY THIRUVANATHAPUARAM: തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയുമാണ് (ഫെബ്രുവരി 24, 25) യെല്ലോ
അലേര്‍ട്ട് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പുറത്തുവിട്ട അറിയിപ്പ് പ്രകാരം, കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ,
കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 3 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. നാളെ
(ഫെബ്രുവരി 25) ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ചരിത്ര പ്രസിദ്ധമായ പൊങ്കാല അര്‍പ്പിക്കല്‍ ചടങ്ങ് നടക്കും. ഈ ജില്ലയിലും കാലാവസ്ഥാ വകുപ്പ്
യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 10.30 യ്ക്കാണ് അടുപ്പുവെട്ട് ചടങ്ങ് ആരംഭിക്കുക. ഉച്ചയ്ക്ക് 2.30 ന് പൊങ്കാല നിവേദ്യം നടക്കും. ഈ സമയങ്ങളെല്ലാം കനത്ത ചൂടിന്
സാധ്യതയുള്ള സമയങ്ങളാണ്. അതിനാല്‍, ഭക്തര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.