Latest Malayalam News - മലയാളം വാർത്തകൾ

75ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം; നാരീശക്തി വിളിച്ചോതുന്ന സൈനിക പരേഡ്

NATIONAL NEWS NEWDEIHL:ന്യൂഡൽഹി: 75ാമത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ ഇന്ത്യ. സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന പരേഡ് ഇന്ന് രാവിലെ കർത്തവ്യ പഥിൽ നടക്കും. 90 മിനിറ്റ് ദൈർഘ്യമുള്ള പരേഡിൽ തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകള്‍, ഡ്രോണ്‍ ജാമറുകള്‍, സൈനികവാഹനങ്ങള്‍ തുടങ്ങിയവ പ്രദർശിപ്പിക്കും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് വിശിഷ്ടാതിഥി.റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ഇമ്മാനുവൽ മക്രോൺ ഇന്നലെ ഇന്ത്യയിലെത്തി. ജയ്പൂരിലാണ് മക്രോൺ വിമാനമിറങ്ങിയത്. രാജസ്ഥാൻ മുഖ്യമന്ത്രിഭജൻലാൽ ശർമ്മ മക്രോണിനെ സ്വീകരിച്ചു. ആമ്പർ ഫോർട്ടും ജന്തർ മന്തറും സന്ദർശിച്ച അദ്ദേഹം ജയ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം റോഡ് ഷോയിലും പങ്കെടുത്തു.ഇന്ന് രാഷ്ട്രപതി ഭവനിലെ പ്രത്യേക വിരുന്നിലും ഇമ്മാനുവൽ മക്രോൺ പങ്കെടുക്കും. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ റിപ്പബ്ലിക് ദിനത്തിൽ അതിഥി ആകില്ലെന്ന് ഉറപ്പായത്തോടെയാണ് ഇമ്മനുവൽ മക്രോണിന് ക്ഷണം ലഭിച്ചത്. കഴിഞ്ഞ വർഷം ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് എൽ സിസി ആയിരുന്നു മുഖ്യാതിഥിയായി എത്തിയത്.

റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയത്. പരേഡ് നടക്കുന്ന കർത്തവ്യ പഥിലും പരിസരങ്ങളിലും 14,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. കമാൻഡോകൾ, ത്വരിത പ്രതികരണ സേന എന്നിവയുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമെത്തുന്ന 15 ഓളം ടാബ്ലോകളും പരേഡിൽ അണിനിരത്തും.

റിപ്പബ്ലിക്ദിനത്തില്‍ ഇത്തവണ സ്ത്രീകളാണ് സൈനികപരേഡ് നയിക്കുന്നതും പ്രധാനമായി പങ്കെടുക്കുന്നതും. പരമ്പരാഗത സൈനികബാന്‍ഡുകള്‍ക്കുപകരം ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍ വായിക്കുന്ന നൂറോളം വനിതകളും പരേഡിൽ അണിനിരത്തും. ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായ 15 വനിതാ പൈലറ്റുമാരും സൈനികാഭ്യാസങ്ങളുടെ ഭാഗമാകും. സായുധസേനയെയും ഇത്തവണ വനിതാ ഉദ്യോഗസ്ഥരാണ് നയിക്കുന്നത്.

Leave A Reply

Your email address will not be published.