KERALA NEWS TODAY ALAPPUZHA:നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനെയും സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥനെയും പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകന്‍ ഗണ്‍മാന്‍ അനില്‍കുമാറിനും സുരക്ഷാ ഉദ്യോഗസ്ഥന്‍ എ സന്ദീപിനും നോട്ടീസ് ലഭിച്ചു. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചതോടെയാണ് ഒരുമാസം മുമ്പ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് നടപടികളൊന്നും ഉണ്ടായിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് ഇരുവരേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെങ്കിലും കോടതിയിൽ കുറ്റം തെളിഞ്ഞാൽ എഴുവർഷം വരെ തടവ് ലഭിക്കും.ആലപ്പുഴയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാനടക്കമുള്ളവര്‍ മര്‍ദിച്ചത്. ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഡിസംബര്‍ 23നാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് അതേദിവസം തന്നെ പോലീസ് കേസെടുത്തിരുന്നു. ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതരമായി പരക്കേൽപ്പിക്കുക, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പിന്നീട് നടപടികളൊന്നും ഉണ്ടായിരുന്നില്ല.കരിങ്കൊടി കാട്ടാന്‍ എത്തിയവരെ ഗണ്‍മാന്‍ മര്‍ദിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചിരുന്നു. തന്റെ സുരക്ഷയ്ക്കുവേണ്ടിയുള്ള ആളാണ് ഗണ്‍മാന്‍. തനിക്കോ ബസ്സിനോ നേരെയുള്ള ആക്രമണങ്ങളെ തടയേണ്ടത് ഗണ്‍മാന്റെ ചുമതലയാണ്. ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ പരിശോധിക്കേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു