Latest Malayalam News - മലയാളം വാർത്തകൾ

നാട്ടുകാർ നോക്കിയപ്പോൾ കുട്ടിയടക്കം എട്ട് ആനകൾ; കണ്ടംവഴി ഓടിച്ച് വനം വകുപ്പ്

KERALA NEWS TODAY WAYANAD:കൽപ്പറ്റ: വയനാട് പനമരം മേച്ചേരിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്ക് ഒടുവിൽ വനത്തിലേക്ക് തുരത്തി. ഒരു കുട്ടിയടക്കം എട്ട് ആനകളാണ് ഇക്കഴിഞ്ഞ രാത്രി മേച്ചേരിയിലെത്തി ഇവിടെയുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ തമ്പടിച്ചത്.വളർത്തുനായകളും തെരുവുനായ്ക്കളും ഒരുമിച്ച് നിർത്താതെ കുരച്ചതോടെ അർധരാത്രിതന്നെ ചില പന്തികേടുകൾ നാട്ടുകാർക്ക് തോന്നിയിരുന്നു. എന്നാൽ പുലർച്ചയോടെയാണ് ആനകൾ പ്രദേശത്ത് എത്തിയ കാര്യം നാട്ടുകാർ സ്ഥിരീകരിച്ചത്. ഇവരുടെ ജാഗ്രത ഒന്നുകൊണ്ട് മാത്രമാണ് അപകടങ്ങൾ ഒഴിവായത്. നാട്ടുകാരുടെ സഹായത്തോടെ തന്നെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനകളെ മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിന് ഒടുവിൽ തുരത്തിയത്.സ്വകാര്യ തോട്ടത്തിൽ ഒരു കുട്ടിയടക്കം എട്ട് ആനകൾ നിലയുറപ്പിച്ച വിവരം അറിഞ്ഞതോടെ പ്രദേശമാകെ ആശങ്ക പരന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് മേച്ചേരിയെന്നതിനാൽ വനം വകുപ്പ് ടീം എത്തി ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു.

രാവിലെ ആളുകൾ നടക്കാൻ ഇറങ്ങാറുള്ള പ്രദേശമാണ് മേച്ചേരി. ഇതിനുപുറമേ നിരവധി വിദ്യാർഥികൾ കാൽനടയായി സ്‌കൂളിലും പോകുന്ന ഒരു ഇടം കൂടിയാണ്. ദാസനക്കര, പുഞ്ചവയൽ, നീർവാരം വനമേഖലകളിൽ നിന്നാകാം ആനകൾ എത്തിയത് എന്നാണ് കരുതുന്നത്.

Leave A Reply

Your email address will not be published.