Latest Malayalam News - മലയാളം വാർത്തകൾ

‘2018-ല്‍ മുഖ്യമന്ത്രിയെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും അവഗണിച്ചു’; കെഎല്‍എഫ് വേദിയില്‍ തർക്കം

ENTERTAINMENT NEWS KOZHIKODE :കോഴിക്കോട്: 2018 സിനിമയുമായി ബന്ധപ്പെട്ട് കേരള ലിറ്ററേച്ചറര്‍ ഫെസ്റ്റിവല്‍ സംവാദ വേദിയില്‍ തർക്കം. സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും കാണികളും തമ്മിലാണ് തർക്കമുണ്ടായത്.
ജൂഡ് സംവിധാനം ചെയ്ത ‘2018’ എന്ന സിനിമയില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും അവഗണിച്ചു എന്ന തരത്തിൽ കാണികളിൽ ഒരാൾ ഒചോദിച്ച ചോദ്യമാണ് തര്‍ക്കത്തിലേക്ക് കടന്നത്. താന്‍ ഇതിനുള്ള ഉത്തരം നല്‍കിയതാണെന്നും ചോദ്യം ചോദിച്ചയാള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നും അത് തന്‍റെമേൽ ഇടേണ്ടതില്ലെന്നുമായിരുന്നു ജൂഡിന്റെ മറുപടി.ഇതോടെ ചോദ്യം ചോദിക്കുമ്പോള്‍ പാര്‍ട്ടി അംഗമാണോ എന്ന് പരിശോധിക്കുകയല്ല ഉത്തരം നല്‍കുകയാണ് വേണ്ടതെന്നായി സദസ്സിന്റെ പ്രതിഷേധം. വാഗ്വാദങ്ങൾ തുടർന്നതോടെ ചര്‍ച്ചയുടെ മോഡറേറ്ററായ മാധ്യമ പ്രവര്‍ത്തകന്‍ ജോസി ജോസഫ് ഇടപെടൽ നടത്തി.
സിനിമയെ വിമര്‍ശിക്കാം, അധിക്ഷേപിക്കേണ്ട ആവശ്യമില്ല. 2018-ല്‍ മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും നിങ്ങള്‍ സിനിമയെടുത്തിട്ടു സംസാരിക്കൂ എന്നും മോഡറേറ്റർ പറഞ്ഞതോടെ കാണികള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമായി. ജൂഡ് ആന്റണി, സിനിമ നിരൂപകന്‍ മനീഷ് നാരായണന്‍, ജി ആര്‍ ഇന്ദുഗോപന്‍ എന്നിവര്‍ പങ്കെടുത്ത സംവാദമാണ് തർക്കത്തിലേയ്ക്ക് കടന്നത്.

Leave A Reply

Your email address will not be published.